‘വിദ്യാബാലന്‍ ആമിയെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു’; തുറന്നടിച്ച് കമല്‍

കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമിയില്‍ വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് തുറന്നടിച്ച് സംവിധായകന്‍ കമല്‍. സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.

വിദ്യാബാലനു വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജുവാര്യര്‍ ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ അല്‍പം ലൈംഗികതയൊക്കെ കടന്നുവരുമായിരുന്നു. എന്നാല്‍ മഞ്ജുവിലേക്ക് എത്തിയപ്പോള്‍ മാധവിക്കുട്ടി പൂര്‍ണമായും മാറി. സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന എഴുത്തുകാരിയെ അവതരിപ്പിക്കാന്‍ സാധിച്ചു. കഥ മനസ്സില്‍ തെളിഞ്ഞപ്പോള്‍ തന്നെ മഞ്ജുവിന്റെ പേര് ഉയര്‍ന്നെങ്കിലും മേക്ക് ഓവര്‍ ശരിയാകുമോയെന്ന ആശങ്കയിലാണ് വിദ്യയെ സമീപിച്ചത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മഞ്ജു കഥാപാത്രത്തെ ഉള്‍കൊണ്ടു. ചിത്രീകരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിദ്യ പിന്മാറിയത് അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പുറത്തിറങ്ങിയാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല. കമല സുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം അംഗീകരിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് സാധിക്കില്ല. അതിനാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോള്‍ അത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്താനാവില്ലെന്നും കമല്‍ പറഞ്ഞു.