കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടി; വിവാദം പുകയുന്നു; വിമര്‍ശനവുമായി മന്ത്രിമാരും സംവിധായകന്‍ കമലും

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടിയില്‍ വിവാദം പുകയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കലോത്സവം മാറ്റിയ നടപടിയില്‍ അതൃപ്തിയുമായി മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. മന്ത്രിസഭയിലെ ആരും പ്രതീക്ഷിക്കാത്ത കാര്യമാണിതെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍.

സാസ്‌ക്കാരിക മന്ത്രിയോട് ചോദിക്കാതെയാണ് ഇത്തരത്തില്‍ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സാസ്‌ക്കാരിക വകുപ്പ്. കൂടാതെ ആലപ്പുഴ തന്നെ വേദിയായി മതിയെന്നും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കലോത്സവം റദ്ദാക്കിയെന്ന ഉത്തരവ് പുറത്തുവരുന്നത്. വിഷയത്തില്‍ അതൃപ്തി അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

അതിനിടെ, ചലച്ചിത്രമേള റദ്ദാക്കിയതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തുവന്നു. സര്‍ക്കാര്‍ പണം ചെലവഴിക്കാതെ മേള നടത്താന്‍ കഴിയുമെന്ന് കമല്‍ പറഞ്ഞു. അക്കാദമി പണം ഇതിനായി ഉപയോഗിക്കാം. പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വിഷമമുണ്ടെന്ന് പറഞ്ഞ കമല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇല്ലെന്നും വ്യക്തമാക്കി.

ആഘോഷങ്ങള്‍ റദ്ദാക്കിയ നടപടിയില്‍ എതിര്‍പ്പുമായി വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി. തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.എസ്.യുവും എസ്.എഫ്.ഐയും ആവശ്യപ്പെട്ടു.