മമ്മുട്ടി സിനിമയിലെ ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍

കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. ‘ബിഗ് ബി’ എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ കസബയിലെ ഡയലോഗിനെതിരെ രംഗത്തെത്തിയിരുന്നു.

കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നായിരുന്നു ചിത്രത്തിലെ മമ്മുട്ടിയുടെ ഡയലോഗ്. എന്നാല്‍ കൊച്ചി പഴയ കൊച്ചിതന്നെയാണെന്ന് കമല്‍ പറഞ്ഞു. ഗ്രാമഫോണ്‍ എന്ന ചിത്രം താന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുല്‍സാഹപ്പെടുത്തി. പക്ഷേ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെ വിമര്‍ശിച്ചപ്പോള്‍ പാര്‍വ്വതിക്കുനേരെ മമ്മുട്ടി ആരാധകരുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ആരാധകരെ തള്ളി മമ്മുട്ടി തന്നെ രംഗത്തെത്തുകയായിരുന്നു.

ഫോര്‍ട്ടുകൊച്ചിയിലെ ഇസ്‌ലാമിക് ഹെറിട്ടേജ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു കമല്‍. കെ.വി.തോമസ് എം.പി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു തുടങ്ങിയവര്‍ സംബന്ധിച്ചു.