തിലകനോട് ‘അമ്മ’ മാപ്പു പറയുമോ?; ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. നേരത്തെ, നടന്‍ തിലകനോട് അമ്മ ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആഷിഖിന്റെ പ്രതികരണം. ‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കുമല്ലേ’- എന്നായിരുന്നു ആഷിഖ് അബുവിന്റെ പരാമര്‍ശം.

അതേസമയം, ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും രംഗത്തെത്തി. ഇതുവഴി എന്ത് സന്ദേശമാണ് കേരളത്തിന് ഈ സംഘടന നല്‍കുന്നതെന്നും ഇതിലൂടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തതെന്നും വനിതാ സംഘടന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അതിരൂക്ഷമായ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?