വാരിയംകുന്നന്‍: ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കോ?; ഇത് ബ്രിട്ടീഷുകാരെ വേദനിപ്പിക്കുമെന്ന് ആഷിഖ് അബു

കൊച്ചി: വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതു മുതലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. തനിക്ക് നേരെയുള്ള സൈബര്‍ ആക്രമണം പ്രതീക്ഷിരുന്നുവെന്ന് ആഷിഖ് അബു പറഞ്ഞു.

നടി റിമ കല്ലിങ്കല്‍, നടന്‍ പൃഥ്വിരാജ് എന്നിവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സിനിമയാണ് ഞങ്ങളുടെ തൊഴില്‍. സിനിമയുമായി മുന്നോട്ട് പോകുമെന്നും ആഷിക് അബു വ്യക്തമാക്കി. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന ചോദ്യത്തിന് സിനിമ ബ്രിട്ടീഷുകാരെ വേദനിപ്പിക്കുമെന്നായിരുന്നു ആഷികിന്റെ മറുപടി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

അതേസമയം, മലബാര്‍ സമര നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ കുറിച്ച് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടത് നാലു സിനിമകളാണ്. ആഷിക് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നീ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ആദ്യ മൂന്നെണ്ണത്തിലും വാരിയന്‍കുന്നത്ത് നായകനാണ് എങ്കില്‍ അലി അക്ബര്‍ സിനിമയില്‍ അദ്ദേഹം പ്രതിനായകനാണ്.

ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകള്‍ ഒരേസമയം പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നന്‍’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഉള്ളത്. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തില്‍ വാരിയന്‍ കുന്നന്‍ വില്ലനാണ്.

ആഷിക് അബുവിന്റെ ചിത്രം ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. അടുത്ത വര്‍ഷമാണ് ഷൂട്ടിങ് ആരംഭിക്കുക. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരിക്കഥ. 7580 കോടി രൂപയാണു ബജറ്റ്. തൊട്ടുപിന്നാലെ ഷഹീദ് വാരിയന്‍കുന്നന്റെ പ്രഖ്യാപനം പി.ടി കുഞ്ഞുമുഹമ്മദ് നടത്തുകയായിരുന്നു. വാരിയന്‍കുന്നനെ കുറിച്ച് സിനിമയെടുക്കുമെന്ന് നേരത്തെ തന്നെ ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെ.’പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു.

ഇബ്രാഹിം വെങ്ങര സിനിമയുടെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. അതാണ് സിനിമയാകുന്നത്.

SHARE