‘നട്ടെല്ലില്ലാത്തവന്‍ എന്നു വിളിച്ചാല്‍ കെജരിവാളിനത് അധിക പ്രശംസയേ ആവൂ’; രൂക്ഷവിമര്‍ശനവുമായി അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൡനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജരിവാളിന് അധിക പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷനുമായ കനയ്യകുമാറിനെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അനുരാഗ്.

കനയ്യയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള കനയ്യകുമാറിന്റെ പ്രതികരണം കൂടി ഉള്‍പ്പെടുത്തിയായിരുന്നു അനുരാഗിന്റെ ട്വീറ്റ്. ‘മഹാനായ അരവിന്ദ് കെജരിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധിക പ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് തീരെയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് ചോദിക്കുന്നു.

കനയ്യ കുമാറിനെ രാജ്യദ്രോഹക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കുകയായിരുന്നു. 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കനയ്യയ്‌ക്കെതിരായ കേസ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. കേസില്‍ 1200 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചത്. കനയ്യ കുമാറിനെ കൂടാതെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.

പാര്‍ലമെന്റ് ആക്രമണക്കേസിലെ അസ്ഫല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റാലി നടത്തുകയും ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്നാണ് ആരോപണം. നിയമ വകുപ്പിന്റെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പൊലീസ് മടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി ഫയല്‍ കൈമാറിയത്.