നാട്ടിലേക്കുള്ള മടക്കത്തിനിടെ കപ്പല്‍യാത്രയില്‍ വെച്ച് കോവിഡ്; അതേ തുടര്‍ന്ന് മരണവും; വേദനയായി ഡിനി ചാക്കോയുടെ വേര്‍പാട്


തൃശൂര്‍: ഡിനി ചാക്കോയുടെ വേര്‍പാടിന്റെ നൊമ്പരം വിട്ടുമാറാതെ ഒരു നാടും കുടുംബവും. മാലദ്വീപില്‍ നിന്നു വന്ന് കോവിഡ് ചികിത്സയിലിരിക്കെ ഇന്നലെയാണ് ചാലക്കുടി വി.ആര്‍ പുരം സ്വദേശി ഡിനി ചാക്കോ മരിച്ചത്.

‘മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നു. മാലദ്വീപില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലില്‍ ടിക്കറ്റ് കിട്ടിയത് അവസാന നിമിഷമാണ്. ഇന്ത്യന്‍ ഹൈക്കമ്മിഷനോടും നേവിയോടും പ്രത്യേക നന്ദി. നാട്ടില്‍ എത്താന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍..’. മാലദ്വീപില്‍ വരുന്നതിനു തൊട്ടുമുമ്പ് ഡിനി ചാക്കോയുടെ വാക്കുകള്‍…

മാലദ്വീപില്‍ കോളജ് ലക്ചററായ ഡിനിയും നഴ്‌സായ ഭാര്യ ജിനുവും, മകനും ഭാര്യാമാതാവിനുമൊപ്പമാണ് മാലദ്വീപില്‍ നിന്നു കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിയത്. മകന്‍ ചെറിയ കുഞ്ഞായതിനാല്‍ ഇവരോട് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ഇവര്‍ വീട്ടില്‍ കഴിഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആദ്യം രോഗം ബാധിച്ചത് ഡിനിക്കായിരുന്നു. മേയ് പതിനാറിന് ഡിനി ചാക്കോയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കി. കുടുംബാംഗങ്ങളുടെ രോഗം ഭേദപ്പെട്ടു. പക്ഷേ, ഡിനിയുടെ ആരോഗ്യനില വഷളായി.

വൃക്കകളെ രോഗം ബാധിച്ചു. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചു. പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഡിനി വിട പറഞ്ഞു. എന്നേന്നേയ്ക്കുമായി ഭാര്യയെയും മകനേയും തനിച്ചാക്കിയാണ് ഡിനിയുടെ യാത്ര. അവധിക്ക് നാട്ടില്‍ വരാന്‍ ഡിനിയും കുടുംബവും കൊതിച്ചിരുന്നു.

മാലദ്വീപില്‍ നിന്നു യാത്ര പുറപ്പെടുമ്പോള്‍ കോവിഡ് ബാധിച്ചിരുന്നില്ല. പക്ഷേ, കപ്പല്‍ യാത്രയില്‍ കോവിഡ് ബാധിച്ചു. ഓരോരുത്തരുടേയും പ്രതിരോധ ശേഷിയ്ക്കനുസരിച്ചായിരിക്കും കോവിഡിന്റെ ഗൗരവമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഡിനിയുടെ കാര്യത്തിലും കോവിഡ് പ്രവചനാതീതമായി. ജീവന്‍ കവര്‍ന്നെടുക്കുന്ന സാഹര്യത്തില്‍ എത്തി.

കോവിഡ് ബാധിച്ചതായി വാര്‍ത്ത വന്ന ആ ദിവസം ഡിനി നാട്ടുകാര്‍ക്കായി വാട്‌സാപ്പില്‍ ശബ്ദ സന്ദേശമിട്ടു.”ആരും പേടിക്കേണ്ട. ഞങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്. മാലദ്വീപില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് എത്തിയത്. നേരെ, സ്വന്തം വണ്ടിയില്‍ വീട്ടില്‍ എത്തി. പുറത്തിറങ്ങിയിട്ടില്ല. ആര്‍ക്കും രോഗം പകരില്ല.”. നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന ഈ സന്ദേശം.

SHARE