ദിലീപിനെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു, പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. രഹസ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് വൈകുന്നേരമാണ് രേഖപ്പെടുത്തിയത്. ഇവിടെ നിന്ന് പൊലീസ് ക്ലബ്ബിലെത്തിച്ച ദിലീപിനെ ഇന്ന് രാത്രി തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

അതേസമയം, ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് അക്രമിക്കപ്പെട്ട നടിയുടെ കുടുംബം വ്യക്തമാക്കി.

നടിയെ ആക്രമിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആയിരുന്നു എന്നതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. മറ്റൊരു കേസില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ മൊഴികളിലെ വൈരുധ്യവും ശാസ്ത്രീയ തെളിവുകളുമാണ് അറസ്റ്റിലേക്ക് നയിച്ചത്.

പൊലീസ് ക്ലബ്ബില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദിലീപിന്റെ മൊഴി രേഖപ്പെടുത്തും.