ദിലീപിനും നാദിര്‍ഷാക്കും ചോദ്യാവലി തയ്യാറാക്കി പോലീസ്; ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും സംവിധായന്‍ നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി ഇരുവരുടേയും മൊഴി പരിശോധിക്കുകയാണ് പോലീസ്.

13 മണിക്കൂറാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷായുടേത് 140 പേജുകളുമാണുള്ളത്. ഈ മൊഴി പരിശോധിച്ചാണ് അടുത്ത ചോദ്യം ചെയ്യലിനുള്ള ചോദ്യാവലി പോലീസ് തയ്യാറാക്കുന്നത്. ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ചോദ്യാവലി തയ്യാറായാല്‍ ഉടനെതന്നെ വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ രാത്രി ആലുവ പോലീസ് ക്ലബ്ബില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അന്വേഷണസംഘ തലവന്‍ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. താരങ്ങളെ വീണ്ടും ചോദ്യം ചെയ്ത് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍.