ദിലീപിന്റെ ഹര്‍ജി: വിധി പറയാനായി മാറ്റി

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനാല്‍ കോടതി വിധി പറയുന്നതിന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ഇന്നലെ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായത്.
കേസ് വിചാരണ കോടതിയിലേക്ക് അയക്കുന്നതിന് മുന്‍പ് കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുള്ള എല്ലാ രേഖകളും പ്രതിക്ക് ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പൊലീസ് ഈ രേഖകള്‍ ബോധപൂര്‍വം നല്‍കാതിരുന്നതുവഴി പ്രതിക്ക് നീതിപൂര്‍വമായ വിചാരണ നിഷേധിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു.
രേഖകള്‍ നല്‍കാതിരിക്കുന്നത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളുടെ പട്ടിക അപൂര്‍ണവും അവ്യക്തവുമാണ്. എല്ലാ രേഖകളും നല്‍കിയിട്ടില്ല, നല്‍കിയെന്നു പറയുന്ന രേഖകള്‍ അപൂര്‍ണമാണ്.
പരിശോധന റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഫോണ്‍ വിളിച്ചതിന്റെ വിവരങ്ങള്‍, വിവിധ സിസിടിവി ദൃശ്യങ്ങള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ശബ്ദം സംബന്ധിച്ച് വിശദപരിശോധന നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു.
ഏതെങ്കിലും വിധത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിഭാഗം ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നേരത്തെ വന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇതു സംബന്ധിച്ച വാര്‍ത്തകളുടെ തെളിവ് കോടതിയില്‍ നല്‍കി.
ഇന്നലെ ഉച്ചക്ക് ശേഷം ഒന്നര മണിക്കൂറോളം എടുത്താണ് പ്രതിഭാഗം ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചത്.

SHARE