‘സ്ത്രീശബ്ദത്തില്‍ കൃത്രിമമുണ്ട്’; ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം, ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. മറിച്ചാണു കോടതിയുടെ തീരുമാനമെങ്കില്‍ ദുരുപയോഗം തടയാന്‍ കടുത്ത നിബന്ധനകള്‍ വെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലക്കു ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുള്‍ റോഹത്ഗി നേരത്തെ വാദിച്ചിരുന്നു.

എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടല്‍ അപേക്ഷ നല്‍കിയ നടിക്കുവേണ്ടി ആര്‍ ബസന്തും കെ രാജീവും കഴിഞ്ഞ മാസം കോടതിയില്‍ വാദിച്ചിരുന്നു.

വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങള്‍ കാണുന്നതിന് പ്രതിക്കു തടസ്സമില്ലെന്നും പകര്‍പ്പ് നല്‍കുന്നത് ദുരുപയോഗത്തിനു വഴിവെക്കുമെന്നുമാണ് സര്‍ക്കാരിന്റേയും വാദം.

SHARE