എല്ലാ മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണെന്ന് ദിലീപ്

കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്.

ഒരു മാധ്യമത്തിന് നേരെ താന്‍ നടത്തിയ പരാമര്‍ശവും വിരോധത്തിന് കാരണമാവുകയായിരുന്നു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. തന്റെ ശത്രുക്കളായ ലിബര്‍ട്ടി ബഷീറോ പരസ്യ സംവിധായകന്‍ ശ്രീകുമാറോ ആയിരിക്കും തനിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നില്‍. അവര്‍ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷേ അതിന് കഴിവുള്ളവരാണ് അവരെന്നും ദിലീപ് പറയുന്നു.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ച്ചയാണ്. ഈ കാരണത്താല്‍ നടന് ജാമ്യം അനുവദിക്കാത്തത് വീഴ്ച്ചയാണെന്ന് പ്രതിഭാഗം വാദിച്ചു.