ദിലീപിന് ജയിലില്‍ സുഖവാസം നല്‍കി അധികൃതര്‍; ഭയന്നാണ് പലരും പറയാത്തതെന്ന് സഹതടവുകാരന്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ സുഖവാസം. ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ പോകാറുള്ളതെന്നും ബാക്കി സമയത്തെല്ലാം ജയിലില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും സഹതടവുകാരന്‍ സനൂപ് വെളിപ്പെടുത്തുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് എത്താറുള്ളത്. എല്ലാവരും രാവിലെ ഇറങ്ങിയാലും ദിലീപ് ഇറങ്ങാറില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണ് ദിലീപ് കഴിയുന്നത്. അവിടെവെച്ചാണ് ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതുമെല്ലാം. എല്ലാവര്‍ക്കും ഈ കാര്യങ്ങള്‍ അറിയാം. മര്‍ദ്ദനം ഭയന്നാണ് പലരും ഇക്കാര്യങ്ങള്‍ പറയാതിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴോ മറ്റെവിടെയെങ്കിലോ വെച്ച് പറഞ്ഞാല്‍ തിരികെയെത്തിയാല്‍ പോലീസുകാര്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കും. അതുകൊണ്ടാണ് ആരും പറയാത്തത്. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും സനൂപ് പറഞ്ഞു.

നേരത്തെ ജയിലില്‍ ദിലീപിന് സുഖവാസമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എ.ഡി.ജി.പി ബി.സന്ധ്യ ഇതിനെ എതിര്‍ക്കുകയായിരുന്നു. അങ്ങനെയൊരു സംഭവമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് ജയിലില്‍ സുഖസൗകര്യമാണെന്ന് സനൂപ് വെളിപ്പെടുത്തുകയായിരുന്നു.