കൊച്ചി: യുവ നടന് ഷൈന്‍ നിഗത്തിന് ചിത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കാതെ നടന് ദിലീപ്. വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ദിലീപ്. ഷൈന്‍ ഉള്‍പ്പെടുന്ന സിനിമാ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ദിലീപ് പ്രതികരിക്കാതെ മാറി നിന്നത്.
തന്റെ പുതിയ ചിത്രമായ ‘മൈ സാന്റ’യെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്. അതിനിടയിലാണ് ഫിയോക്ക് പോലുള്ള സംഘടന രൂപീകരിച്ചതിന്റെ ഉദ്ദേശം വിലക്കിനെതിരെയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വന്നത്. മറ്റൊരു ചോദ്യവും ഇപ്പോള്‍ വേണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിലെ വിലക്കുകള്‍ ശരിയായ നടപടിയണോ എന്നുള്ള ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ല എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. ഇപ്പോള്‍ തനിക്കൊന്നും സംസാരിക്കാന്‍ പാടില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദച്ചൂടിനിടെ നടന് ഷൈന്‍ നിഗം അജ്മീറിലാണ്. സിനിമാരംഗത്തെ പ്രശ്നങ്ങള്‍ സങ്കീര്‍ണമായതോടെ താരം ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അജ്മീറിലും എത്തിയത്. ഹിമാചല്‍ പോലുള്ള പ്രദേശങ്ങളിലും താരം സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലുള്ള ഷൈന്‍ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചര്‍ച്ച തുടങ്ങാനാവുക. നേരത്തെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ താരം അജ്മീറിലായതിനാലാണ് ഇത് നടക്കാത്തതെന്നാണ് വിവരം.