ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി. ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഉള്ള ആരോഗ്യ ഐഡികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റല്‍വത്കരണം, ഡോക്ടര്‍മാരുടെ രജിസ്ട്രി, രാജ്യത്തെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
മന്ത്രിസഭയുടെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമായും നാല് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഡിജിറ്റല്‍ ദൗത്യം. ആരോഗ്യ ഐഡികാര്‍ഡുകള്‍, വ്യക്തിപരമായ ആരോഗ്യ രേഖകള്‍, ഡിജി ഡോക്ടര്‍, ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങളടങ്ങിയ രജിസ്ട്രി എന്നിവയാണവ. ഇ- ഫാര്‍മസി, ടെലിമെഡിസിന്‍ സര്‍വ്വീസ് എന്നിവ പിന്നാലെ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
ഇതിനായി ആപ്പും വിഭാവനം ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈമാറുകയുള്ളൂ. അതാത് ആശുപത്രികളും ഡോക്ടര്‍മാരും വേണം ആരോഗ്യ വിവരങ്ങള്‍ ആപ്പുമായി പങ്കുവെക്കാന്‍.
ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് ഈ ഉദ്യമം വിലകല്‍പിക്കുന്നുണ്ടെന്നും വ്യക്തികളുടെ സമ്മതമില്ലാതെ ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നുണ്ട്.