കഴിഞ്ഞ ആറുകൊല്ലമായി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ എം.എല്‍.എമാരെ വാങ്ങുന്നു; മോദിക്കും ഷാക്കുമെതിരെ ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ്. മധ്യപ്രദേശ് കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പ് ജ്യോതിരാദിത്യ സിന്ധ്യക്ക് ഉണ്ടാകുമായിരുന്നു. സിന്ധ്യയ്ക്ക് ആര്‍.എസ്.എസ് ബന്ധമില്ലാത്തതിനാല്‍ ബി.ജെ.പിയില്‍ അദ്ദേഹത്തിന് നേതൃസ്ഥാനത്ത് എത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാരെ രാജിവെപ്പിച്ചായിരുന്നു സിന്ധ്യ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിലേക്കെത്തിയത്. സിന്ധ്യയെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അതെന്ന് ആരോപിച്ച സിങ്, എന്തുകൊണ്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടതെന്ന് തനിക്ക് ഇനിയും മനസിലായിട്ടില്ലെന്നും പറഞ്ഞു.

‘ഞാനീ കാര്യങ്ങള്‍ സിന്ധ്യയോട് തന്നെ പറഞ്ഞിരുന്നു. നന്നായി ശോഭിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം. ബി.ജെ.പിയുടെ കെണിയില്‍ അദ്ദേഹം എങ്ങനെ വീണു എന്നത് എനിക്കറിയില്ല. ബി.ജെ.പിയില്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിഷമകരമായ സമയമായിരിക്കുമെന്ന് എനിക്ക് പ്രവചിക്കാന്‍ കഴിയും. കാരണം കോണ്‍ഗ്രസില്‍ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം’, സിങ് അഭിപ്രായപ്പെട്ടു.

സിന്ധ്യയ്ക്ക് മധ്യപ്രദേശില്‍ നല്ലൊരു ഭാവിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും കമല്‍ നാഥ്ജിയും 70 വയസ്സിനു മുകളിലുള്ളവരാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സിന്ധ്യ എന്നത് ഒരു സ്വാഭാവിക തെരഞ്ഞെടുപ്പാകുമായിരുന്നു’-അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ആര്‍.എസ്.എസില്‍നിന്നുള്ളവരാണ് ബി.ജെ.പി മുന്‍നിരയിലേക്ക് പരിഗണിക്കാറുള്ളത്. സിന്ധ്യയ്ക്കാണെങ്കില്‍ അങ്ങനെയൊരു പശ്ചാത്തലവുമില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

മുമ്പ് ശിവരാജ് സിംഗ് ചൗഹാനെ നിശിതമായി വിമര്‍ശിച്ചിരുന്ന സിന്ധ്യ, ഇപ്പോള്‍ അതിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ പരിഹാസ്യമാവാനും സാധ്യതയുണ്ടെന്നും സിങ് പറഞ്ഞു. സിന്ധ്യയുടെ പ്രസംഗങ്ങളിലുണ്ടായിരുന്ന ബി.ജെ.പി വിരുദ്ധ, ആര്‍.എസ്.എസ് വിരുദ്ധ, ശിവവാജ് സിങ് വിരുദ്ധ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ തിരിച്ചടിക്കും. അദ്ദേഹത്തിന് നാണക്കേട് ഉണ്ടാകാന്‍ പോകുന്ന നിമിഷങ്ങളാവും അവയെന്നും സിങ് പറഞ്ഞു.

സര്‍ക്കാരുകളെ അട്ടിമറിക്കാര്‍ ബി.ജെ.പി അവരുടേതല്ലാത്ത എം.എല്‍.എമാരെ വിലക്ക് വാങ്ങുകയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അതിന് ബി.ജെ.പിക്ക് പ്രയാസമില്ല. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മോദിയും അമിത് ഷായും വലിയ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. അതുപയോഗിച്ചാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ പണത്തിനുവേണ്ടി സര്‍ക്കാരിനെ താഴെയിറക്കിയവരെ ഉപതെരഞ്ഞെടുപ്പില്‍ ജനം തള്ളുമെന്നും സിങ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും പരിഹരിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

SHARE