മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണം ഡീഗോ കോസ്റ്റ

മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്‌പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ് ഡീഗോ കോസ്റ്റ മാധ്യമങ്ങളോട് പറഞ്ഞത്.

അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ടു രാജ്യാന്തര മത്സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് നായകന്‍ ലയണല്‍ മെസ്സിക്ക് കളിക്കാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചിരുന്നെങ്കിലും ഇന്നലെ സ്‌പെയ്‌നെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഡീഗോ കോസ്റ്റയിലൂടെ മുന്നിലെത്തിയ സ്‌പെയ്ന്‍ ഇസ്‌കോയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തുരത്തുകയായിരുന്നു മുന്‍ലോകകപ്പ് ജേതാക്കളെ. മാഞ്ചസ്റ്റര്‍ സിറ്റി താരം ഒറ്റമെന്‍ഡിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍. കളി ഗ്യാലറിയില്‍ നിന്നും വീക്ഷിച്ച മെസ്സി ആറാമത്തെ ഗോളും വഴങ്ങിയതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

മെസ്സിയെ പോലെ ഒരു കളിക്കാരന്‍ ഒരു വിമര്‍ശനവും അര്‍ഹിക്കുന്നില്ല. അര്‍ജന്റീന കാര്‍ മെസ്സിയെ ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയണം. അദ്ദേഹത്തെ വിലകുറച്ചാണ് നിങ്ങള്‍ കാണുന്നത്. മെസ്സി ഇതിനും എത്രയോ വലുത് അര്‍ഹിക്കുന്നു. ദേശീയ കുപ്പായത്തില്‍ മെസ്സിക്ക് തിളങ്ങാനാവുന്നില്ല എന്നു പറയുന്നത് വസ്തുതകള്‍ക്ക് എതിരാണ്. മെസ്സിയില്ലാത്ത അര്‍ജന്റീന എന്താണെന്ന് ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ നിങ്ങള്‍ എല്ലാവരും കണ്ടതല്ലെ. ഡീഗോ കോസ്റ്റ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്പാനിഷ് ക്ലബ് ബാര്‍സലോണക്കായി മിന്നും പ്രകടനങ്ങളും ട്രോഫികളും നേടുമ്പോഴും ദേശീയകുപ്പായത്തില്‍ മെസ്സി തിളങ്ങുന്നില്ല എന്ന വിമര്‍ശനം നിരന്തരം മെസ്സി നേരിടാറുണ്ട്. കഴിഞ്ഞ ലോകകപ്പിലും രണ്ടു വട്ടം കോപ്പ അമേരിക്കയിലും അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചെങ്കിലും ദേശീയ കുപ്പായത്തില്‍ ആദ്യ കിരീടമെന്ന മെസ്സിയുടെ സ്വപ്‌നം നീളുകയാണ്.