അടുത്ത ലോക്‌സഭാ പരീക്ഷക്ക് തയ്യാറെടുത്തോ, അതിന്റെ ടെന്‍ഷനുണ്ടോ? വിദ്യാര്‍ത്ഥിയുടെ ചോദ്യത്തില്‍ മോദിയുടെ മറുപടി ഇങ്ങനെ

 

ന്യൂഡല്‍ഹി: 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് ചായ് പെ ചര്‍ച്ചയുമായി രംഗത്തിറങ്ങിയ നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കാന്‍ പുതു തന്ത്രം പയറ്റുന്നു. വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ‘പരീക്ഷാ പെ ചര്‍ച്ച’യുമായാണ് മോദി ഇത്തവണ രംഗത്തെത്തിയത്.
ഡല്‍ഹി തല്‍ക്കത്തോറ മൈതാനത്ത് നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിങിലൂടെയും പങ്കെടുത്തു. ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ, യൂ ട്യൂബ് എന്നിവയിലൂടെപരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതായിരുന്നു വിഷയം. പരീക്ഷയെ ഭയക്കേണ്ടതില്ലെന്നും പുഞ്ചിരിയോടെ നേരിടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.
ഇതിനിടെയാണ് സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പ് പരീക്ഷക്ക് തയ്യാറെടുത്തോ, അതിന്റെ ടെന്‍ഷനുണ്ടോ എന്ന് ഒരു വിദ്യാര്‍ത്ഥി ചോദിച്ചത്. വളച്ചു കെട്ടി ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി ഭാവിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ആകാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ എല്ലാ ദിവസവും പരീക്ഷയ്ക്ക തയ്യാറെടുത്തു കൊണ്ടിരിക്കുയാണ്. മോദി പറഞ്ഞു.
ആത്മവിശ്വാസവും ഉറച്ച ചിന്തകളുമുള്ള ഏതൊരാള്‍ക്കും വിജയം കൈയെത്തും ദൂരെയുണ്ടാകും. ധ്യാനത്തിന്റെ ഫലം ചെയ്യുന്ന ഏകാഗ്രതയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്. ഒരോരുത്തരും അവനവനോട് തന്നെ മത്സരിക്കണം. പരീക്ഷ നിങ്ങള്‍ക്കാണെങ്കിലും അതിന്റെ സമ്മര്‍ദ്ദം മാതാപിതാക്കള്‍ക്കു കൂടിയാണെന്നത് മറക്കരുതെന്നും മോദി ഓര്‍മിപ്പിച്ചു. ഫീസായി നല്‍കുന്ന തുക അവര്‍ വെറുതെ ചെലവാക്കുന്നതല്ല. സ്വന്തം മക്കളെ ഒരുനിലയിലെത്തി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു. തന്നെ പ്രധാനമന്ത്രിയായല്ല, ഒരു സുഹൃത്തെന്ന നിലയില്‍ കണ്ടാല്‍ മതിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായില്ല.

SHARE