അംല ബാറ്റ് ചെയ്തത് നോമ്പെടുത്തോ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ബാറ്റ് ചെയ്തത് റമസാന്‍ നോമ്പെടുത്തു കൊണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. അംലയും ദക്ഷിണാഫ്രിക്കന്‍ ടീമും ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ‘നോമ്പെടുത്ത്’ ബാറ്റ് ചെയ്ത അംലയെ പ്രകീര്‍ത്തിച്ച് നിരവധി സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ഇന്‍ഫോയുടെ ലൈവ് കമന്ററിക്കിടയിലും ഈ ചോദ്യം ഉയര്‍ന്നു. ‘നോമ്പെടുക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു കമന്റേറ്റര്‍ കാര്‍ത്തിക് കൃഷ്ണമൂര്‍ത്തിയുടെ മറുപടി.

amla-fast

ഇസ്ലാമിക നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധ കാണിക്കുന്നതിനാലാണ്, വ്രതം നിര്‍ബന്ധമായ റമസാനില്‍ കളിക്കുമ്പോള്‍ അംല നോമ്പെടുക്കുന്നുണ്ടോ എന്ന കൗതുകം ഉയരുന്നത്. മതവിശ്വാസത്തിന് എതിരായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലുള്ള മദ്യക്കമ്പനിയുടെ ചിഹ്നം അദ്ദേഹം ധരിക്കാറില്ല. ഇതിന് അദ്ദേഹം പിഴയൊടുക്കേണ്ടി വരാറുണ്ട്. അംലയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് സഹതാരങ്ങളായ വെയ്ന്‍ പര്‍നലും ഇംറാന്‍ താഹിറും ഈ ലോഗോ ഉപേക്ഷിച്ചിരുന്നു.

കായിക ലോകത്തെ മുസ്ലിംകളില്‍ പലരും റമസാനില്‍ നോമ്പെടുത്ത് കളിക്കളങ്ങളിലെത്താറുണ്ട്. 2014 ഫുട്‌ബോള്‍ ലോകകപ്പിനിടെ അല്‍ജീരിയന്‍ ടീമിലെ ചില കൡക്കാര്‍ നോമ്പെടുത്താണ് കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, ക്രിക്കറ്റ് പോലെ സുദീര്‍ഘ സമയം ഗ്രൗണ്ടില്‍ നില്‍ക്കേണ്ടി വരുന്ന മത്സരങ്ങളില്‍, മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കളിക്കാരും പൊതുവില്‍ നോമ്പെടുക്കാറില്ല. പിന്നീട് നോറ്റു വീട്ടുകയാണ് പതിവ്.

റമസാന്‍ മാസത്തില്‍ കളിയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും വിദേശങ്ങളില്‍ കളിക്കുമ്പോള്‍ ഹാഷിം അംല നോമ്പെടുക്കാറില്ല എന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2012- ജൂലൈയില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ അംല 311 റണ്‍സ് നേടിയ ടെസ്റ്റ് ഒരു റമസാന്‍ മാസത്തിലായിരുന്നെങ്കിലും അദ്ദേഹം നോമ്പെടുത്തിരുന്നില്ല. 13 മണിക്കൂര്‍ ബാറ്റ് ചെയ്‌തെങ്കിലും അംല ഒരിക്കല്‍ പോലും പരസ്യമായി വെള്ളം കുടിച്ചില്ല. മത്സരത്തിന്റെ ഇടവേളകളില്‍ പവലിയനിലെത്തിയ ശേഷം സ്വകാര്യമായാണ് അദ്ദേഹം വെള്ളം കുടിച്ചിരുന്നത് എന്ന ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ഫിര്‍ദോസ് മൂണ്ഡ പറയുന്നു. അതേ ഗ്രൗ്ണ്ടില്‍ തന്നെയാണ് ശ്രീലങ്കക്കെതിരെ അംല കളിക്കുന്നതും.