തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗം ചര്‍ച്ചയെന്ന് ഖത്തര്‍

ദോഹ: തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗമായ ഖത്തര്‍ കാണുന്നത് ചര്‍ച്ചകളെയും സംവാദങ്ങളെയുമാണെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് സഊദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ജര്‍മന്‍ മാഗസിനായ ഡിപ്ലോമാറ്റിഷെസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഖത്തര്‍ നിലപാട് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഖത്തര്‍ എന്നും വിശ്വസിക്കുന്ന മാര്‍ഗവും ഉപകരണവും ചര്‍ച്ചയാണ്. അയല്‍പക്കവുമായുള്ള വിദേശ നയബന്ധങ്ങളിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും തര്‍ക്കത്തിലുള്ള കക്ഷികള്‍ക്കിടയിലെ മധ്യസ്ഥരെന്ന പങ്ക് വഹിക്കുമ്പോഴും ചര്‍ച്ചകളെയാണ് ഖത്തര്‍ മുറുകെപ്പിടിക്കുന്നത്. ഇറാന്‍ ഖത്തറിന്റെ അയല്‍രാജ്യമാണ്. അതുകൊണ്ടുതന്നെ അവരുടെ സാന്നിധ്യത്തെ അവഗണിക്കാനാകില്ല. ഇറാനുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ ഉള്ള തര്‍ക്കങ്ങളോ ഭിന്നതകളോ പരിഹരിക്കുന്നതിനായി തുറന്ന ചാനലുകളിലൂടെയുള്ള ചര്‍ച്ചകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള നിലപാടുകളില്‍ ഖത്തര്‍ പിന്നോട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യാവകാശത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണ് അല്‍ജസീറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE