‘എതിര്‍ ടീമിനും ഫീല്‍ഡ് സെറ്റ് ചെയ്ത് കൊടുക്കപ്പെടും’ ; വൈറലായി ധോനിയുടെ പ്രവൃത്തി

മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ചുറി നേടിയ ധോനിയുടെ ഇന്നിങ്‌സ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എതിര്‍ ടീമിനും ഫീല്‍ഡിങ് സെറ്റ് ചെയ്ത് കൊടുക്കുന്നതില്‍ തന്റെ കഴിവ് തെളിയിച്ച് എം.എസ് ധോനി. ധോനിയുടെ പ്രവൃത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടിയിട്ടുണ്ട്.


ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ബംഗ്ലാദേശിനെതിരേ നടന്ന സന്നാഹ മത്സരത്തിലാണ് ബാറ്റു ചെയ്യുന്നതിനൊപ്പം ധോനി അവര്‍ക്ക് ഫീല്‍ഡ് സെറ്റ് ചെയ്ത് കൊടുത്തത്്. മത്സരത്തില്‍ ബംഗ്ലാദേശ് ബൗളര്‍ സാബിര്‍ റഹ്മാന്‍ എറിഞ്ഞ 40ാം ഓവറിലായിരുന്നു സംഭവം. മിഡ് വിക്കറ്റ് ഏരിയയില്‍ കൃത്യമായ പൊസിഷന്‍ മനസിലാകാതെ നിന്ന് ബംഗ്ലാ ഫീല്‍ഡറെ സ്‌ക്വയര്‍ ലെഗിലേക്ക് മാറ്റാന്‍ ധോനി നിര്‍ദേശിക്കുകയായിരുന്നു. ഇതുകണ്ട സാബിര്‍ ഫീല്‍ഡറെ ആ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോകേഷ് രാഹുലിന്റെയും എം.എസ് ധോനിയുടെയും സെഞ്ചുറിക്കരുത്തില്‍ ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.