ധാരാവിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു

കോവിഡ് വ്യാപനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്നലെ 13 പേര്‍ക്കു മാത്രമാണ് ഇവിടെ രോഗബാധ. ശനിയാഴ്ച 10 രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. മെയില്‍ പ്രതിദിനം ശരാശരി 50 പേര്‍ക്കു രോഗം കണ്ടെത്തിയിരുന്ന സ്ഥാനത്താണിത്. ഈ മാസം ഒരാള്‍ പോലും കോവിഡിനെത്തുടര്‍ന്നു മരിച്ചിട്ടില്ലെന്നതും ആശ്വാസം നല്‍കുന്നു. ധാരാവിയില്‍ ആകെ മരണസംഖ്യ 71 ആണ്.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി 20 ആണ്. ജൂണില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ 161 പേര്‍ക്കു മാത്രമാണു രോഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധന വ്യാപകമാക്കിയതും സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി ഐസലേറ്റ് ചെയ്തതുമാണു രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവരെ 7 ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കിയെന്നും സ്വകാര്യ ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമായത് പരിശോധന എളുപ്പമാക്കിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

SHARE