ദുബൈ: ഓഗസ്റ്റ് ആദ്യവാരത്തോടെ കൂടുതല്‍ പേര് രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ ക്വാറന്റൈന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ അമ്പതിനായിരം ദിര്‍ഹമാണ് പിഴ.
ആകാശ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നതു പിന്നാലെ എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബൈ വിമാനങ്ങള്‍ അറുപതിലേറെ സര്‍വീസുകളാണ് വിദേശത്തു നിന്ന് യു.എ.ഇയിലെത്തുന്നത്. ഇതുവഴി കൂടുതല്‍ പേര് രാജ്യത്തെത്തും. ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി. എഴുപതോ അതില്‍ക്കൂടുതലോ പ്രായമുള്ളവരും വിട്ടുമാറാത്ത അസുഖമുള്ളവരും രാജ്യത്തേക്ക് വരരുത് എന്ന് നിര്‍ദ്ദേശമുണ്ട്.
കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച അല്‍ ഹുസ്ന് ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു. ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കോവിഡ് ഗുരുതരമല്ലാത്ത രാഷ്ട്രങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഏഴും അല്ലാത്ത രാഷ്ട്രങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസവുമാണ് ക്വാറന്റൈന് കാലാവധി. മെഡിക്കല്‍ സഹായം അടക്കമുള്ള എല്ലാ ചെലവുകളും വ്യക്തി തന്നെ വഹിക്കണമെന്ന് എന്‍.സി.ഇ.എം.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ക്വാറന്റൈന് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം.