ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘകാല അവധിയിലേക്ക്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി. നേരത്തെ മാര്‍ച്ച് മൂന്നു മുതല്‍ യു.കെയിലേക്ക് പോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വെടിക്കോപ്പുകളും വെടിയുണ്ടകളും കാണാനില്ല ഡി.ജി.പി തന്നെ പൊലീസിന്റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുകളായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനോട് വ്യക്തമായി ഡി.ജി.പി പ്രതികരിച്ചിരുന്നില്ല. ഈ അവസരത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

അതേസമയം, പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. യു.ഡി.എഫ് വിഷയത്ത ഗൗരവമായി സമീപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സി.എ.ജിക്ക് തന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമായത് കൊണ്ടാണ് അസാധാരണമായി പത്ര സമ്മേളനം നടത്തിയത്. തോക്ക് കാണുന്നില്ല എന്നതല്ല അതെങ്ങോട്ട് പോയെന്നതിലാണ് കാര്യം. എന്‍.ഐ.എ ക്ക് അല്ലാതെ ഈ വിഷയം അന്വേഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട് കഴിഞ്ഞ് ദിവസമായിരുന്നു പുറത്തുവന്നത്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങള്‍ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനല്‍കിയ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരില്‍ 269 ലൈറ്റ് മോട്ടാര്‍വാഹനങ്ങള്‍ അനുമതിയില്ലാതെ വാങ്ങി. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ആഡംബര കാറുകളാണ്. എസ്‌ഐ, എഎസ്‌ഐമാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള തുക സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തില്‍ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എഡിജിപിക്കും വില്ലകള്‍ പണിയാനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.