പുതുവൈപ്പിലെ പൊലീസ് നായാട്ട്, ന്യായീകരിച്ച് ഡി.ജി.പി

 

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ തേര്‍വാഴ്ച്ചയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊലീസ് അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും സമരത്തിന് പിന്നില്‍ തീവ്രവാദികളുമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ റൂറല്‍ എസ്പി എ.വി ജോര്‍ജ്, ഡിസിപി യതീഷ് ചന്ദ്ര എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
പൊലീസ് നടപടിയെ പൂര്‍ണമായി ന്യായീകരിച്ച സെന്‍കുമാര്‍ മാധ്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. ആസമയത്ത് സുരക്ഷ സംബന്ധിച്ച നേരിയ വിഴ്ചപോലും അനുവദിക്കാനാകില്ല. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാതയില്‍ സമരക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് ഡിസിപി ഇടപെട്ടത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധത്തിന് എത്തിയവരെ ഹൈക്കോടതി ജങ്ഷനില്‍ നിന്ന് യതീഷ്ചന്ദ്ര ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുതുവൈപ്പിലേതെന്ന വിധത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാധ്യമങ്ങള്‍ കുറച്ചുകൂടി സത്യസന്ധമാകണം. സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചു. പുതുവൈപ്പിലെ ജനങ്ങളുടെ ആകുലതകള്‍ സര്‍ക്കാരിന് മുന്നില്‍ പറഞ്ഞാണ് പരിഹാരം തേടേണ്ടത്. സമരത്തില്‍ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ട്. ഐഒസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ കോടതി ഉത്തരവുണ്ട്. അതാണ് പൊലീസ് നിറവേറ്റിയതെന്നും ഡി.ജി.പി വ്യക്തമാക്കി.

SHARE