അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രതിജ്ഞ എടുത്ത് ഉത്തര്‍പ്രദേശ് ഡിജിപി : വീഡിയോ പുറത്ത്

 

ന്യൂഡല്‍ഹി: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും എന്ന് പ്രതിജ്ഞ ചെയ്ത് ഉത്തര്‍പ്രദേശ് ഡിജിപി സൂര്യകുമാര്‍ ശുക്ലയുടെ വീഡിയോ പുറത്ത് . കഴിഞ്ഞ ദിവസം ലക്‌നൗ സര്‍വകലാശാലയില്‍ രാമക്ഷേത്ര നിര്‍മാണത്തിലെ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ സൂര്യകുമാര്‍ ശുക്ലയും പരിപാടിയില്‍ പങ്കെടുത്ത മറ്റു പ്രമുഖരും രാമക്ഷേത്രം പണിയുമെന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ചില്‍ 22കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.

ജനുവരി 28ന് ലക്‌നൗ സര്‍വകലാശാലയില്‍ ചിത്രീകരിച്ചതാണ് വീഡിയോ. ‘കഴിയുന്നതും വേഗത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഈ ചടങ്ങില്‍ നമ്മള്‍ പ്രതിജ്ഞ ചെയ്യുന്നു’, എന്നാണ് ഡിജിപി അടക്കമുളളവര്‍ പ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങില്‍, രാമക്ഷേത്ര നിര്‍മാണത്തിലെ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനായാണ് സൂര്യകുമാര്‍ ശുക്ല ക്ഷണിക്കപ്പെട്ടത്. ഇതിനിടെയായിരുന്നു വിവാദ പ്രതിജ്ഞയെടുക്കല്‍.

അതേസമയം വീഡിയോ വൈറലായത്തോടെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അസോസിഷന്‍ പ്രതികരണവുമായി രംഗത്തെത്തി. ശുക്ലയുടെ നടപടി തികച്ചും ജോലിയുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണെന്നും. ഇത്തരം പ്രവൃത്തികളില്‍ നിന്നും ഉയര്‍ന്ന സര്‍ക്കാര്‍ പദവികള്‍ അലങ്കരിക്കുന്നവരുടെ ഭാഗത്തുന്നുണ്ടാവുന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ സംഘടനക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അസോസിഷന്റെ പ്രതികരണം.

 

സംഭവം വിവാദമായത്തോടെ, രാമക്ഷേത്ര നിര്‍മാണത്തിനായി ഒരിക്കലും പ്രതിജ്ഞയെടുത്തിട്ടിെല്ലന്നും സമുദായിക ഐക്യത്തിനായാണ് ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിയതെന്നും പുറത്തുവന്നിരിക്കുന്ന വീഡിയോ വിഷയത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്ന ന്യായീകരണ വാദവുമായി സൂര്യകുമാര്‍ ശുക്ല രംഗത്തെത്തിയിട്ടുണ്ട്.

അയോധ്യ തര്‍ക്കഭൂമിയുമായി  ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ കേസു നടന്നുക്കൊണ്ടിരിക്കെ സര്‍ക്കാറിന്റെ ഉന്നത പദവി അലങ്കരിക്കുന്ന ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടായതില്‍ വന്‍ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്.