ഏത്തമിടീപ്പിച്ച സംഭവം; ഡിജിപി വിശദീകരണം തേടി; പ്രതികരണവുമായി യതീഷ്ചന്ദ്ര

കണ്ണൂര്‍: ഏത്തമിടീപ്പിച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതുകൊണ്ടാണ് ഏത്തമിടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. കണ്ണൂര്‍ അഴീക്കലിലായിരുന്നു ഇന്ന് സംഭവം നടന്നത്. കടകളില്‍ ആളുകള്‍ കൂട്ടംകൂടി നിന്നതിനെ തുടര്‍ന്നാണ് യതീഷ് ചന്ദ്രയുടെ നടപടി.

ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വകീരിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്.

രാവിലെ പെട്രോളിങിന് ഇറങ്ങിയ സമയത്താണ് വളപ്പട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു. പ്രധാനമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറയുന്നു. ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാര്‍ പറയുന്നു. പത്രം പറയുന്നു. ആളുകൂടരുതെന്ന്. എന്നിട്ടും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇനി മേലില്‍ ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായി വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്‌തോ. അല്ലെങ്കില്‍ പോ എന്നും എസ്പി പറയുന്നു.

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത് . എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് മീന്‍ വാങ്ങാന്‍ എത്തിയ ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.