തിരുവനന്തപുരം: കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്നും ഡിജിപി അഴിമതി നടത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിയുടെ തോത് വെച്ച് നോക്കിയാല്‍ കേവലം ഡിജിപിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന അഴിമതിയാണ് നടന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആരെയും പേടിയില്ലാത്തതു പോലെയാണ് ഡിജിപി പ്രവര്‍ത്തിച്ചതെന്നും പോലീസിനെ നയിക്കുന്നത് കൊള്ളസംഘമാണെന്നും ചെന്നിത്തല ആരോപിച്ചു.
റൈഫിളുകളും അതോടൊപ്പം വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചതെന്നുള്ള വ്യാജ പ്രചരണം സിപിഎം നടത്തുന്നത്. സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും യുഡിഎഫ് കാലത്തിലാണ് അഴിമതി ഉണ്ടായതെന്ന് സൂചന പോലുമില്ല. അതേസമയം, ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ വന്‍തോതില്‍ ഇവയെല്ലാം കാണാതെപോയിട്ടുണ്ട് എന്നത് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
2015 സെപ്റ്റംബറില്‍ തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പില്‍ സീല്‍ ചെയ്ത ഒരു പാക്കറ്റില്‍ 200 ബുള്ളറ്റ് കാണാതെ പോയി എന്നത് വസ്തുതയാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ തന്നെ അന്വേഷണത്തിന് ബോര്‍ഡിനെ നിയോഗിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് പുതിയ ബോര്‍ഡിനെ ഏല്‍പിച്ചു. അവര്‍ കണ്ടെത്തിയതിങ്ങനെയാണ്: വെടിയുണ്ടകള്‍ നഷ്ടമായ സ്‌റ്റോക്ക് 1999 ജൂലൈ 12ന് പാക്ക് ചെയ്തതാണെന്നും, 2000 മുതല്‍ 2014 വരെ എപ്പോഴെങ്കിലും കാണാതായതാകാം എന്നുമാണ്.
എന്നാല്‍ 2017ല്‍ സ്‌റ്റോക്കെടുത്തപ്പോള്‍ 7433 ബുള്ളറ്റുകള്‍ കാണാനില്ലെന്ന് കണ്ടെത്തി. 2018 ഒക്ടോബര്‍ 16ന് അടുത്ത സ്‌റ്റോക്കെടുത്തപ്പോള്‍ കാണാതായ ബുള്ളറ്റുകളുടെ എണ്ണം 8398 ആയി കൂടി. ഇത് ഇടത് മുന്നണിയുടെ കാലത്താണെന്നത് വ്യക്തമാണ്, ചെന്നത്തല പറഞ്ഞു.
25 റൈഫിളുകള്‍ കാണാനില്ലെന്നത് ഗുരുതരമായ കണ്ടെത്തലാണ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സിഎജിക്ക് മറുപടി നല്‍കിയത്. അത് സംബന്ധിച്ച് തയ്യാറാക്കിയ രേഖകളിലെ പിഴവാണെന്നാണ് സര്‍ക്കാരിന്റെ ന്യായം. എന്നാലിത് ക്ലറിക്കല്‍ പിഴവാണോയെന്നും ചെന്നിത്തല ചോദിച്ചു. സിഎജി ചീഫ് സ്‌റ്റോക്കിലെ രേഖകള്‍ നേരിട്ട് പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണ് എന്ന് തെളിഞ്ഞു. അതുകൊണ്ടാണ് റൈഫിളുകള്‍ കാണാതായി എന്ന നിലപാടില്‍ സിഎജി ഉറച്ചു നില്‍ക്കുന്നത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തള്ളി എന്നര്‍ത്ഥം. അദ്ദേഹം പറഞ്ഞു.
ബെഹ്‌റ ചുമതലയേറ്റ ശേഷം 151 കോടിയുടെ പര്‍ച്ചേസ് നടത്തി. ഹൗസിങ് കോര്‍പ്പഷന്റെ പണം വകമാറ്റിയത് എല്‍ഡിഎഫ് ഭരണകാലത്താണെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് പൊലീസ് കേന്ദ്രഫണ്ട് ഉപയോഗിക്കുന്നത്. താന്‍ പൊലീസ് മന്ത്രിയായിരുന്ന കാലത്ത് പൊലീസുകാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്രഫണ്ട് വിനിയോഗിക്കരുതെന്നായിരുന്നു ചട്ടം. അതുകൊണ്ടാണ് സംസ്ഥാനഫണ്ടചില്‍ നിന്ന് 42 കോടി രൂപ അന്ന് വകമാറ്റിയത്. വിവിഐപി വാഹനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പര്‍ച്ചേയ്‌സിന്റെ അടിസ്ഥാനപരമായ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ഡിജിപിക്ക് പര്‍ച്ചേയ്‌സ് നടത്താനുള്ള അനുമതി ആരാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് കാണുന്നത്. നിയമവിരുദ്ധമായി വാങ്ങല്‍ നടത്തുകയും സര്‍ക്കാര്‍ അംഗീകാരം നടത്തുകയും ചെയ്താല്‍ ഭരണത്തിന്റെ ഉന്നതതലത്തിലുള്ള അനുമതി ഇതിന് ഉണ്ടെന്നാണ് കരുതേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം,ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതെന്നും സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കേണ്ടതാണെന്നും ചെന്നിത്തല ആരോപിച്ചു. പോലീസ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണ നടപടിയാണ്. സാധാരണഗതിയില്‍ ചീഫ് സെക്രട്ടറിയും മന്ത്രിമാരും അവര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ടൂറിസം വകുപ്പിനെയാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് ടൂറിസം വകുപ്പാണ് വാഹനം നല്‍കുന്നത്. അല്ലാതെ, പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണമായ നടപടിയാണ്. നിയമവിരുദ്ധമായാണ് ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത്. പോലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഡിജിപിക്കെതിരെ മൂന്ന് ഘട്ടങ്ങളിലായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. അതേസമയം, കോണ്‍ഗ്രസ് ഭരണകാലത്ത് എന്തെങ്കിലും ക്രമക്കേട് നടന്നെന്ന് സിപിഎമ്മിന് സംശയമുണ്ടെങ്കില്‍ അത് കൂടി അന്വേഷണിക്കണം. കേസ് സിബിഐക്ക് നല്‍കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.