സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരാനൊരുങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനും ഒരുങ്ങി യു.ഡി.എഫ്. പ്രതിപക്ഷ നേതാവിനെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാക്കും. കള്ളക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തിയ സ്പീക്കറും രാജിവയ്ക്കണം. മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. സ്്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഈ മാസം 14 മുതല്‍ സമരം ശക്തമാക്കും. എം.പിമാരും എം.എല്‍.എമാരും സത്യഗ്രഹം അനുഷ്ഠിക്കുമെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. യു.ഡി.എഫ് സമരപരിപാടികളെ കൊവിഡിന്റെ മറവില്‍ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി തയ്യാറാകുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കൊവിഡ് പോസിറ്റീവ് കൂടുമ്പോള്‍ വിദേശത്തുനിന്ന് വരുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ 30 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

SHARE