ദേവികയുടെ സഹോദരങ്ങളുടെ പഠനച്ചെലവ് ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്

വളാഞ്ചേരി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ സഹോദരങ്ങളുടെ പഠനച്ചെലവേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ ദേവികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള മറ്റൊരു വീട് നല്‍കാനും തയാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

സര്‍ക്കാര്‍ പി.ആര്‍ ഹാങ്ഓവറില്‍ നിന്നും പുറത്തുവന്ന് യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കണം. എത്രയും പെട്ടന്ന് ക്ലാസുകള്‍ ആരംഭിക്കുന്നതിനല്ല എല്ലാവര്‍ക്കും പഠനം ഉറപ്പുവരുത്തുന്നതിലാണ് കാര്യമെന്നും ദേവികയുടെ വീട് സന്ദര്‍ശിച്ച ശേഷം ഷാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മരണത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ ജില്ലാ ഡി.ഡി.ഇ ഓഫീസുകളിലേക്കായിരുന്നു പ്രതിഷേധം. തൃശൂരില്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ വീട്ടിലേയ്ക്കും ഓഫിസിലേയ്ക്കും എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് ഡിഡിഇ ഓഫിസിലേക്കും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

വളാഞ്ചേരി മങ്കേരി സ്വദേശി ബാലകൃഷ്ണന്റെയും ഷീബയുടെയും മകളാണ് ആത്മഹത്യ ചെയ്ത ദേവിക. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ കത്തിക്കരിഞ്ഞ രീതിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം)