തിരിച്ചുവരും; മഹാരാഷ്ട്രയില്‍ ജനാധിപത്യ വിരുദ്ധ അട്ടിമറിയുടെ സൂചന നല്‍കി ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയുമായി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ജനാധിപത്യ വിരുദ്ധമായ അട്ടിമറിയിലൂടെ ഭരണം തിരിച്ചു പിടിക്കുമെന്ന സൂചന നല്‍കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കുക, ഞാന്‍ തിരിച്ചുവരും എന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വീണ്ടും തിരിച്ചെത്തുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫഡ്‌നാവിസ് അവകാശവാദം ഉന്നയിച്ചിരുന്നു. ഉദ്ദവ് താക്കറെയടക്കമുള്ളവര്‍ നിയമസഭയില്‍ ഇതിനെ പരിഹസിച്ചതിനെ തുടര്‍ന്നാണ് തന്റെ പ്രസ്താവന ആവര്‍ത്തിച്ച് അദ്ദേഹം രംഗത്തെത്തിയത്.

താന്‍ പ്രഖ്യാപിച്ചതും തുടങ്ങിവെച്ചതുമായ പദ്ധതികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനത്തിന് താന്‍ തന്നെ ഉണ്ടാവുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

SHARE