മകള്‍ക്കായി പറന്നെത്തി അച്ഛന്‍; പക്ഷേ വിധി കാത്തുവെച്ചത് അന്ത്യചുംബനം

ദേവനന്ദ തിരിച്ചെത്തുമെന്ന വാര്‍ത്തക്കായി കാത്തിരുന്ന നമ്മളെ കണ്ണീരണിയിച്ചായിരുന്നു അവളുടെ മടക്കം. മകളെ കാണാതായ വിവരമറിഞ്ഞ് വിദേശത്തായിരുന്ന അച്ഛന്‍ പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു. എന്നാല്‍ മകളുടെ മരണവാര്‍ത്തയായിരുന്നു പ്രദീപിനെ കാത്തിരുന്നത്.

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയായിരുന്നതിനാല്‍ കുട്ടി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു.

SHARE