കൊല്ലം: കൊല്ലത്തെ ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ പ്രദേശത്തെ കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളുടെ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ദേവാനന്ദയുടെ മൃതദേഹം വീട്ടുവളപ്പില്‍ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ടാണ് സംസ്കരിച്ചത്.
മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ദേവനന്ദ വ്യാഴാഴ്ചയ്ക്ക് ഉച്ചയ്ക്ക് മുമ്പ് മരിച്ചതായാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിര്‍ണ്ണായക കണ്ടെത്തല്‍. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് കണ്ടെത്തല്‍. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.