ആറ് തടങ്കല്‍പാളയങ്ങള്‍ 970 തടവുകാര്‍; മോദി പറഞ്ഞത് പച്ചക്കള്ളം

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തു തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പാര്‍ലമെന്റ് രേഖകള്‍ പുറത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്കു പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിമാര്‍ നല്‍കിയ മറുപടികളിലാണു പ്രധാനമന്ത്രിയുടെ വാദമുഖങ്ങളെ തകര്‍ക്കുന്ന തെളിവുകളുള്ളത്. മൂന്നു വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്നവരുടെ കണക്കുകള്‍ ഉള്‍പ്പെടെയാണു പുറത്തായത്. ലോക്‌സഭയില്‍ അബ്ദുല്‍ ഖലേഖിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്‍കിയ മറുപടിയിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍.
അസമിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) അനധികൃത കുടിയേറ്റക്കാരായ എത്ര വിദേശികള്‍ മൂന്നു വര്‍ഷത്തിലധികമായി കഴിയുന്നുണ്ട് എന്നായിരുന്നു ചോദ്യം. അനധികൃത കുടിയേറ്റക്കാരെന്നു തെളിഞ്ഞ 181 പേരും (ഡിക്ലയേഡ് ഫോറിനേഴ്‌സ് / ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ പറ്റാത്തവര്‍) കുറ്റവാളികളായ 44 പേരും (അനധികൃത കുടിയേറ്റക്കാരോ കുറ്റവാളികളോ ആയവര്‍/കണ്‍വിക്ടഡ് ഫോറിനേഴ്‌സ്) മൂന്നു വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിയുന്നുണ്ട് എന്നായിരുന്നു ഡിസംബര്‍ 10ന് കേന്ദ്രമന്ത്രി നിത്യാനന്ദ് നല്‍കിയ മറുപടി. 2019ല്‍ മാത്രം 289 അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കി. മൂന്നുവര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയ 128 തടവുകാരെ സുപ്രീംകോടതി ഉത്തരവനുസരിച്ചു മോചിപ്പിച്ചു. ഇതു തുടരുന്ന പ്രക്രിയയാണ്. ആകെയുള്ള അനധികൃത കുടിയേറ്റക്കാരില്‍ 290 പേര്‍ സ്ത്രീകളാണ്. 227 വിദേശികളെ അവരുടെ രാജ്യത്തേക്കു നാടുകടത്തിയെന്നും മന്ത്രി പറഞ്ഞു. അന്നേ ദിവസം തന്നെ ദിവ്യേന്ദു അധികാരിക്കു നല്‍കിയ മറുപടിയില്‍, തടങ്കല്‍ കേന്ദ്രങ്ങളില്‍ ആറു മാസത്തിനിടെ ആത്മഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു.
ഡിസംബര്‍ മൂന്നിന് ബദറുദ്ദീന്‍ അജ്മലിനു നല്‍കിയ മറുപടിയില്‍ തടങ്കല്‍പാളയത്തില്‍ കഴിയുന്നവരുടെ കൂടുതല്‍ വ്യക്തമായ കണക്കുകളുണ്ട്. ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ഉത്തരം നല്‍കിയത്. അസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ട്. 646 പുരുഷന്മാരും 324 സ്ത്രീകളും ഉള്‍പ്പെടെ ആകെ 970 തടവുകാരാണ് ഈ കേന്ദ്രങ്ങളിലുള്ളതെന്നും പറയുന്നു. തടങ്കല്‍പാളയങ്ങളായ ഗോള്‍പരയില്‍ 186 പുരുഷന്മാരും 15 സ്ത്രീകളും ഉള്‍പ്പെടെ 201; കൊക്രാജറില്‍ 9 പുരുഷന്മാരും 131 സ്ത്രീകളും ഉള്‍പ്പെടെ 140; സില്‍ച്ചറില്‍ 57 പുരുഷന്മാരും 14 സ്ത്രീകളും ഉള്‍പ്പെടെ 71; ദിബ്രുഗഡില്‍ 38 പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെടെ 40; ജോഹത്തില്‍ 132 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 196; തേസ്പുരില്‍ 224 പുരുഷന്മാരും 98 സ്ത്രീകളും ഉള്‍പ്പെടെ 322 എന്നിങ്ങനെയാണ് കണക്ക്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങളുള്ള വെവ്വേറെ മുറികളാണു സെന്ററുകളിലുള്ളത്. തടവുകാരായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി വിവരമില്ല.
കുടുംബാംഗങ്ങളെയും നിയമ വിദഗ്ധരെയും കാണുന്നതിനു തടവുകാര്‍ക്കു വിലക്കുകളില്ലെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. ഇതേ വിഷയത്തില്‍ അബ്ദുല്‍ ഖലേഖിന്റെ മറ്റു ചോദ്യങ്ങള്‍ക്ക് നവംബര്‍ 19ന് മറുപടി നല്‍കിയതും കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ആണ്. അസമിനു പുറത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടോ എന്നായിരുന്നു മുഖ്യചോദ്യം. നിലവില്‍ അസമില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഉത്തരം. ആറു കേന്ദ്രങ്ങളിലായി 1043 പേര്‍ കഴിയുന്നുണ്ട് എന്നായിരുന്നു മറ്റുള്ള ചോദ്യങ്ങളുടെ മറുപടി. അസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുള്ളതായി അന്നും കേന്ദ്രം വ്യക്തമാക്കി. 2019 ജൂണ്‍ 25ലെ കണക്കനുസരിച്ച് 1133 പേരാണ് ഈ കേന്ദ്രങ്ങളിലായി കഴിയുന്നത്. ഒരു വര്‍ഷം പിന്നിട്ട 769 പേരും മൂന്നു വര്‍ഷം പിന്നിട്ട 335 പേരുമുണ്ട്.
1985 മുതല്‍ 2019 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ 63,959 പേരെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, കര്‍ണാടകയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള ആദ്യ തടങ്കല്‍ കേന്ദ്രം ബെംഗളൂരുവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ നെലമംഗലയില്‍ പൂര്‍ത്തിയായി. 15 മുറികള്‍ ഉള്‍പ്പെടുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ജനുവരി ഒന്നിന് ആരംഭിക്കും.