അസമിനു പിറകെ കേരളത്തിലും തടങ്കല്‍ പാളയം; ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കെ കേരളത്തിലും സമാന നീക്കം. ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കേരളാ സര്‍ക്കാര്‍. ‘ദ ഹിന്ദു’വാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാമൂഹ്യനീതി വകുപ്പിനാണ് ഇതു നിര്‍മിക്കാനുള്ള ചുമതല. ഇതിനായി ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റങ്ങളില്‍പ്പെട്ട് നാടുകടത്തേണ്ടതോ ആയ വിദേശികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാല്‍ നിര്‍മാണം സംബന്ധിച്ച നീക്കവുമായി വകുപ്പ് മുന്നോട്ടുപോകും.

എത്ര പേരെ പാര്‍പ്പിക്കേണ്ടി വരുമെന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കെട്ടിടത്തെക്കുറിച്ച് അന്തിമധാരണയാകൂ. നിലവില്‍ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിര്‍മിക്കുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാന്‍ സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26നാണ് വകുപ്പ് കത്തെഴുതിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു.

ഇതു സംബന്ധിച്ച് മാതൃകാ തടങ്കല്‍ കേന്ദ്രത്തിന്റെ രൂപരേഖയും അവര്‍ അയച്ചിരുന്നു. ജനുവരിയിലായിരുന്നു ഇതെന്ന് രാജ്യസഭാ വെബ്‌സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃതമായി രാജ്യത്തു പ്രവേശിച്ചവര്‍, വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണു തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ഇതു സംബന്ധിച്ച് കേന്ദ്രം എന്തെങ്കിലും തരത്തിലുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നു വേണം തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍.

SHARE