ഇന്ത്യയിലെ ആദ്യത്തെ തടങ്കല്‍ പാളയം ഇതാ ഇവിടെ ഒരുങ്ങുന്നു, ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തില്‍

ഗ്വാല്‍പാഡ (അസം): ചുവപ്പുചായം പൂശിയ കൂറ്റന്‍ ചുറ്റുമതില്‍. അകവും പുറവും കാണാന്‍ പാകത്തില്‍ പണിതുയര്‍ത്തുന്ന നാല് നിരീക്ഷണഗോപുരങ്ങള്‍. മതില്‍ക്കെട്ടിനുള്ളില്‍ അവിടവിടെ പണി പൂര്‍ത്തിയായതും പാതിയിലെത്തിയതുമായ വലിയ കെട്ടിടങ്ങള്‍. വളപ്പിന്റെ ഉള്‍ഭാഗം വീണ്ടും വിഭജിച്ച് മതില്‍ക്കെട്ടുകള്‍. ക്രിസ്മസ് ദിനത്തിലും രാപകലില്ലാതെ പണിയെടുക്കുന്ന മുന്നൂറോളം പേര്‍.

ഇന്ത്യയില്‍ തടങ്കല്‍പ്പാളയങ്ങളില്ലെന്ന് ഡല്‍ഹിയിലെ രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോഴും അസമിലെ ഗ്വാല്‍പാഡയില്‍ പുതിയ തടങ്കല്‍പ്പാളയത്തിന്റെ നിര്‍മാണം അതിവേഗം തുടരുകയാണ്. ഒരേസമയം 3,000 പേരെ പാര്‍പ്പിക്കാവുന്ന പാളയത്തിന് ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്താരം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ തടങ്കല്‍പ്പാളയമാണിത്. വലിപ്പം കൊണ്ടും ഒന്നാമത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 46.5 കോടി രൂപ ചെലവില്‍ അസം സര്‍ക്കാരാണ് ഗ്വാല്‍പാഡയിലെ മാട്ടിയയില്‍ തടങ്കല്‍പ്പാളയം പണിയുന്നത്. ഗുവാഹട്ടിയില്‍നിന്ന് 130 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന വനപ്രദേശമാണിത്. 70 ശതമാനം പണിയും പൂര്‍ത്തിയായി.

2018 ഡിസംബറിലാണ് തടങ്കല്‍പ്പാളയത്തിന്റെ പണി തുടങ്ങിയത്. 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. മഴകാരണം നിര്‍മാണം വൈകിയെന്ന് ചില പണിക്കാര്‍ പറഞ്ഞു. അടുത്തവര്‍ഷം പണി പൂര്‍ത്തിയാകും.

ഉയരുന്നത് 15 കെട്ടിടങ്ങള്‍

അനധികൃത കുടിയേറ്റക്കാരെന്നും വിദേശിയെന്നും ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ വിധിക്കുന്നവരെ പാര്‍പ്പിക്കാനാണ് ഈ പാളയം. 2,88,000 ചതുരശ്രയടി വിസ്താരമുള്ള ഇവിടെ 15 കെട്ടിടങ്ങളാണ് ഉയരുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ താമസസ്ഥലങ്ങള്‍.

നാലുനില വീതമുള്ള 15 കെട്ടിടങ്ങളില്‍ 13 എണ്ണം പുരുഷന്‍മാര്‍ക്കാണ്. രണ്ടെണ്ണം സ്ത്രീകള്‍ക്കും. പള്ളിക്കൂടം, ആശുപത്രി, ശൗചാലയങ്ങള്‍, കുടിവെള്ളസംഭരണി, പൊതു അടുക്കള, പൊതു ഭക്ഷണശാല എന്നിവയും രൂപരേഖയിലുണ്ട്. തടങ്കല്‍പ്പാളയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മുറുകിയതോടെ അതിസുരക്ഷയിലാണിവിടം.

ആകെ ഭയത്തിന്റെ അന്തരീക്ഷം.

ചുവപ്പുചായം പൂശിയ പുറംമതിലിന് ഉയരം 20 അടി. അകത്തെ മതിലുകള്‍ക്ക് ഉയരം ആറടി.

SHARE