അര്‍ദ്ധരാത്രി രണ്ടു മണിക്ക് അജിത് ഡോവല്‍ തബ്‌ലീഗ് നേതാവിനെ കണ്ടതെന്തിന്? അമിത് ഷാ മറുപടി പറയണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ഡല്‍ഹിയിലേതു പോലെ മുംബൈയിലെ വസായിയിലും സമാനമായ സമ്മേളനം ഉണ്ടായിരുന്നു എന്നും എന്നാല്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി അതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി.

അര്‍ദ്ധ രാത്രി രണ്ടു മണിക്ക് തബ്‌ലീഗ് നേതാവ് മൗലാനാ സഅദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കണ്ടത് എന്തിനായിരുന്നു എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് രഹസ്യസംഭാഷണമാണ് ഡോവലും മൗലാനയും തമ്മില്‍ നടന്നത്. ആരാണ് ഡോവലിനെ അങ്ങോട്ട് അയച്ചത്. പൊലീസ് കമ്മിഷണറുടെ ജോലിയാണോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എടുക്കേണ്ടത്? – അദ്ദേഹം ചോദിച്ചു.

അടുത്ത ദിവസം തന്നെ അപ്രത്യക്ഷനായ സഅദ് ഇപ്പോള്‍ എവിടെയാണ്. തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസിനോട് ചേര്‍ന്നാണ് നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന്‍. എന്തു കൊണ്ട് പൊലീസ് അതു നിര്‍ത്തിവച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല- അദ്ദേഹം വ്യക്തമാക്കി.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇതില്‍ പങ്കെടുത്ത 90 വിദേശപൗരന്മാരെ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് ആദ്യ ഘട്ടത്തില്‍ പടര്‍ന്ന മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, മതസമ്മേളനത്തിന്റെ പേരില്‍ പ്രത്യേക മതസമുദായത്തെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാര്‍ശങ്ങളും വര്‍ദ്ധിച്ചിരുന്നു.