ജനത കര്‍ഫ്യൂ ആരംഭിച്ചു; കൊറോണയില്‍ ഇന്ത്യ നിശ്ചലം

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ.

കര്‍ഫ്യൂ ആരംഭിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ നഗരങ്ങളും ഗ്രാമങ്ങളും നിശ്ചലമായിരിക്കുകയാണ്. കൊറോണ വൈറസ് തടയാന്‍ വിവിധ രാജ്യ് പ്രതിരോധനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നൂറിമുപ്പത് കോടിയിലേറെ പേര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയില്‍ ദിവസകര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചത്.

രാജ്യത്ത് ഇതിനോടകം 315 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ വിഭാഗങ്ങളൊഴികെ എല്ലാവരും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടുകളില്‍ തന്നെ തങ്ങണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം അടക്കമുള്ള വിവിധ പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍, കടകള്‍ തുടങ്ങിയവ ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഒന്നിലധികം ദിവസം യാത്രയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് തീവണ്ടികള്‍ ഓടും. കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമേ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കൂ.

ജനതാ കര്‍ഫ്യൂവുമായി സഹകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 31 വരെയുള്ള മുസ്‌ലിം ലീഗിന്റെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു.