‘എന്നെ നിയമം പഠിപ്പിക്കേണ്ട’; ബീക്കണ്‍ ലൈറ്റ് വച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ അപമാനിച്ച് ജില്ലാ കലക്ടര്‍

മുംബൈ: സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് യാത്ര ചെയ്ത ജില്ലാ ഡെപ്യൂട്ടി കലക്ടറെ തടഞ്ഞ പൊലീസിന് ശകാരം. മഹാരാഷ്ട്രയിലെ ഹിങ്കോലി ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രകാന്ത് സൂര്യവംശിയാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സായ്‌നാഥ് അന്‍മോദിനെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചത്.

സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടിയ എസ്.ഐ.യോട് നിങ്ങള്‍ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സബ് കലക്ടര്‍ തട്ടിക്കയറുകയും ആക്രോശിക്കുകയുമായിരുന്നു.

ആരാണെന്ന് അറിയാതെയാണ് എസ്.ഐ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനമായ മഹീന്ദ്ര എക്‌സ്യുവി 300 ന് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന ആളിനോട് സ്വാകര്യവാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചു.

ഉടന്‍ തന്നെ കളക്ടര്‍ വാഹനത്തില്‍ നിന്നിറങ്ങി, പൊലീസുകാര്‍ക്ക് നേരെ തട്ടിയകറുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഷോര്‍ട്ട്‌സും ടി ഷര്‍ട്ടും ധരിച്ചായിരുന്നു കളക്ടറുടെ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലെ യാത്ര.

പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി കളക്ടര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് എസ്.ഐയെ അപമാനിക്കുകയും പിഴയൊടുക്കാതെ പോലീസ് സ്റ്റേഷനില്‍ നിന്ന് പോകുകയുമായിരുന്നു. തുടര്‍ന്ന് നിയമം തെറ്റിച്ചതിനും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ തന്നെ അപമാനിച്ചതിനും കളക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് യോഗേഷ് കുമാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.