മുംബൈ: ബിജെപിക്ക് നാണക്കേടായ മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയിലെ നായകനായിരുന്നു അജിത് പവാര്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സ്ഥാനമേല്‍ക്കും.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന മഹാ വികാസ് അഖാഡി സര്‍ക്കാരിലാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ ഫെഡ്നാവിന്റെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ രൂപംകൊണ്ട ബിജെപി സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി 80 മണിക്കൂര്‍ മാത്രമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി കസേരയിലിരുന്നത്. തുടര്‍ന്ന് ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന സഖ്യം നവംബര്‍ 28ന് അധികാരത്തില്‍ വരികയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് മഹാ വികാസ് അഖാഡി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. ഓരോ പാര്‍ട്ടിയില്‍ നിന്നും പത്ത് വീതം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. അജിത് പവാര്‍ തന്നെയായിരിക്കും ഉപമുഖ്യമന്ത്രിയെന്ന് കഴിഞ്ഞ ദിവസം എന്‍സിപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന സൂചനയുണ്ട്.
വിധാന്‍ സഭയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്.
നേരത്തെ, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാറിനെ അധികാരത്തിലെത്തിച്ച നടപടിയെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് അജിത് പവാറിന് നേരിടേണ്ടി വന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അന്ന് അജിത് പവാര്‍ പ്രതികരിച്ചത്. എന്നാല്‍ ബിജെപി്ക്കൊപ്പം ചേര്‍ന്നതോടെ അജിത്ത് പവാറിന്റെ പേരിലുണ്ടായിരുന്ന എന്നാ കേസുകളും ഇല്ലാതായിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് അജിത് പവാര്‍ മടങ്ങിയെത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിനു തന്നെ നല്‍കുമെന്ന് ഏറെകുറേ ഉറപ്പായിരുന്നു.
36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എം.എല്‍.എ മാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് പത്ത് മന്ത്രിമാരായി മുന്‍ മുഖ്യ മന്ത്രി അശോക് ചവാന്, അമിത് ദേശ്മുഖ്, വിജയ് വഡേട്ടിവാര്‍, യശോമതി താക്കൂര്‍, സുനില്‍ കേദാര്‍, സങ്ക്രം തോപ്തേ, സതേജ് പാട്ടീല്‍, വിശ്വജീത് കാദം, കെ.സി പത്വി, അമിന്‍ പട്ടേല്‍ തുടങ്ങിയവരാണ് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.