വീണ്ടും ‘വാര്‍’ വിധി; ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ

സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ മുന്നിലെത്തിയ ഡെന്മാര്‍ക്കിനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് ഓസീസ് സമനില പിടിച്ചത്. വി.എ.ആറിന്റെ സഹായത്തോടെയായിരുന്നു ഓസ്ട്രേലിയക്ക് പെനാല്‍റ്റി ലഭിച്ചത്. ഒസീസിന് ലഭിച്ച ഗോള്‍ അവസരം മിലി ജെഡിനാക് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ തന്റെ രണ്ടാമത്തെ ഗോളാണ് ജെഡിനാക് നേടിയത്.

ഗ്രൂപ്പ് സീ ആദ്യ മല്‍സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് ഇതോടെ നാലു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. അതേസമയം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് പൊരുതിത്തോറ്റ ഓസ്ട്രേലിയയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേറ്റു.