സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്‍ മുക്വേഗിനും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ഇറാഖില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. നാദിയയെ 2016ല്‍ ഐക്യരാഷ്ട്ര സംഘടന ഗുഡ്വില് അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ് നാദിയ. യസീദി വിഭാഗക്കാര്‍ക്കെതിരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരും ഉള്‍പ്പെടെ ഗ്രാമത്തിലെ ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു. 2014ല്‍ ഐ.എസിന്റെ പിടിയിലകപ്പെട്ട നാദിയ കൊടിയ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയായിരുന്നു. 2017 വരെ ഭീകരരുടെ ലൈംഗിക അടിമയായി നാദിയക്ക് ഐ.എസ് ക്യാമ്പില്‍ തുടരേണ്ടി വന്നു.
BREAKING NEWS:
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict. #NobelPrize #NobelPeacePrize pic.twitter.com/LaICSbQXWM— The Nobel Prize (@NobelPrize) October 5, 2018
നാദിയയെ പോലെ നിരവധി യസീദി സ്ത്രീകള്‍ ഇത്തരത്തതില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കിരകളായിരുന്നു. ഒരു ദിവസം തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി രക്ഷപ്പെട്ട നാദിയ മറ്റൊരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തുകയും പിന്നീട് ഇറാഖ് അതിര്‍ത്തി കടന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ അവര്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി ജീവിതം മാറ്റിവെക്കുകയുമായിരുന്നു. നാദിയയുടെ ആത്മകഥ ‘ദ് ലാസ്റ്റ് ഗേള്‍’ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സാമൂഹിക പ്രവര്‍ത്തകനാണ് ഡെന്നിസ് മുക്വെഗേ. പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്‍ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്‍ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഡെനിസ് മുക്വേഗ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്. 30,000ലധികം സ്ത്രീകളെയാണ് ഡെന്നിസ് മുക്വെഗേയും സംഘവും ചികിത്സിച്ചത്.
അതേസമയം പുരസ്കാരം ലഭിച്ചെന്ന വിവരം അറിയിക്കാന്‍ അധികൃതര്‍ക്ക് ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.