നോട്ട് വിവാദം തീരുന്നില്ല; രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങിയ 2000 നോട്ടില്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ?

ഉര്‍ജിത്‌

മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യയുടെ രണ്ട് പ്രസ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഗവര്‍ണര്‍ ആയി ഉര്‍ജിത് പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ദിവസമായിരുന്നു ഓഗസ്റ്റ് 22. പക്ഷേ, അപ്പോഴും ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെയായിരുന്നു. പിന്നീട് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഉര്‍ജിത് പട്ടേല്‍ ചുമലതയേല്‍ക്കുന്നത്. രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങി നോട്ടുകളില്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് എങ്ങനെ വന്നുവെന്ന കാര്യം ദുരൂഹമായി തുടരുന്നു. വിവരാവകാശ നിയമപ്രകാരമാണ് ബാങ്കുകള്‍ വിവരം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

രഘുറാം രാജന്‍
രഘുറാം രാജന്‍

നോട്ട് നിരോധനം സംബന്ധിച്ചുള്ള പാര്‍ലമെന്ററി പാനലിനു മുമ്പാകെ ആര്‍.ബി.ഐ വ്യക്തമാക്കിയത് 2016 ജൂലൈയില്‍ തന്നെ 2000 രൂപാ നോട്ടുകള്‍ അടിക്കുന്നതിനുള്ള അനുവാദം ലഭിച്ചു എന്നായിരുന്നു. ആ സമയത്ത് രഘുറാം രാജന്‍ ആയിരുന്നു ഗവര്‍ണര്‍. തന്റെ കാലത്ത് ആസൂത്രണവും അച്ചടിയും ആരംഭിച്ച നോട്ടുകളില്‍ പിന്നീട് രഘുറാം രാജന്റെ ഒപ്പില്ലാത്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇപടപെടലാണോ എന്നു സംശയമുണ്ട്.

പുതിയ 500 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊണ്ടത് നവംബര്‍ 23-ന് മാത്രമാണെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. നവംബര്‍ എട്ടിന് 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ 2000 നോട്ടുകള്‍ മാത്രമാണ് അച്ചടിയിലുണ്ടായിരുന്നതെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് സംബന്ധിച്ച് സര്‍ക്കാറിന് ഒരു ധാരണയും ഇല്ലായിരുന്നു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.