നോട്ട് അസാധു; ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു കുറവും ഇതുവരെ വന്നിട്ടില്ല.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരന്തരം വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍, ശക്തമായ ചോദ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വ്യാഴാഴ്ച നടന്ന പാര്‍ലമെന്ററി കമ്മിറ്റിയിലാണ് നോട്ട് പ്രതിസന്ധിയില്‍ രാജ്യം ഉലയുമ്പോള്‍ നോട്ട് അസാധു നടപടിയുമായി ബന്ധപ്പെട്ട ശക്തമായ സംശയവുമായി മന്‍മോഹന്‍ സിംഗ് മുന്നോട്ടുവന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധു നടപടിയെ കുറിച്ച് ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ, എന്നാണ് മന്‍മോഹന്‍ സിംഗ് ചോദിച്ചത്. നോട്ട് നിരോധനത്തെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുടെ മുന്നിലാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് ചോദ്യം ഉന്നഴിച്ചത്.

‘റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചത് നവംബര്‍ 7നും ആ വിവരം പുറത്തു വരുന്നത് നവംബര്‍ 8നുമാണ്’, മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതിനാല്‍ നിലവിലെ വിവരപ്രകാരം നോട്ടുഅസാധു വിഷയത്തില്‍ റിസര്‍വ് ബാങ്കിന് തീരുമാനം എടുക്കാന്‍ ലഭിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും സിംഗ് വ്യക്തമാക്കി.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിംഗിന്റെ സംശയം നിരവധി ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ നോട്ട് നിരോധന തീരുമാനം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു മേല്‍ അടിച്ചേല്‍പ്പിച്ച തീരുമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

നോട്ട് നിരോധനം നടപ്പാക്കി 45 ദിവസത്തിനിടെ 60 ഉത്തരവുകളാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇത് തന്നെ നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സിംഗ് ചൂണ്ടിക്കാട്ടി. ദിവസേനയുള്ള ഇത്തരം ഉത്തരവുകളിലൂടെ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാണ് അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നരോധനത്തെ കുറിച്ച് ഡിസംബര്‍ 21 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും എന്നിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സംസാരിച്ചാല്‍ മതിയന്നുമാണ് സംഗിന്റെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കുറിച്ച് ഗവര്‍ണറോട് ചോദിക്കണമെന്ന് സിംഗ് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

നേരത്തെ പാര്‍ലമെന്റിലും സിംഗ് നോട്ട് നിരോധനത്തെ എതിര്‍ത്തിരുന്നു. നോട്ടു നിരോധനം വലിയ പരാജയമാണെന്നും അത് രാജ്യത്തെ ദാരിദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ വിധേയമായ മണ്ടത്തരം സംഘടിതമായ കവര്‍ച്ചയുമാണണിതെന്നുമാണ്
അദ്ദേഹം നിരോധനത്തെ വിശേഷിപ്പിച്ചത്.