മദ്രസ വിദ്യാര്‍ത്ഥി പള്ളികുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ പള്ളികുളത്തില്‍ മുങ്ങി മരിച്ചു. പാതിരിയാട് സ്വദേശി സാജിദിന്റെ മകന്‍ മുഹമ്മദ്(11)ആണ് മരിച്ചത്. ചക്കരക്കല്ലിന് സമീപം കൊയ്യോട് പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസുകാരനായ കുട്ടിയെ പള്ളിയോട് ചേര്‍ന്ന കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ബാത്ത്‌റൂമില്‍ പോകാനെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങിയതാണെന്ന് പറയുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുളത്തിന് സമീപത്ത് നിന്നും ചെരിപ്പും തൊപ്പിയും കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ചക്കരക്കല്‍ പൊലീസും അഗ്‌നിശമന സേനയും രാത്രിയോടെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്. പള്ളികുളത്തില്‍ കുട്ടി നീന്തല്‍ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് കുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. രാത്രി കുളത്തില്‍ ഇറങ്ങിയതാണെന്ന് സംശയിക്കുന്നു. കുളത്തിന് നല്ല ആഴവും ഉള്ളതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

SHARE