ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും കോടതിയില്‍; ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും കോടതിയില്‍. ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ് തനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയില്‍ പ്രവേശിക്കരുത്, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധമാണെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ നിലപാട്.

അതേസമയം, നേരത്തെ ജാമ്യം അനുവദിച്ച ഡല്‍ഹി തീസ് ഹസാരി കോടതി ജാമ്യത്തില്‍ ഇളവ് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആസാദ് വീണ്ടും കോടതിയിലെത്തിയത്. ഡല്‍ഹി എയിംസിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. അടിയന്തര ചികിത്സ വേണ്ടിവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ തടസമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആസാദിനെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി കടുത്ത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് തീസ് ഹസാരി കോടതി നടത്തിയത്. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധര്‍ണ നടത്തുന്നതില്‍ എന്താണ് തെറ്റെന്നും അഡീഷണല്‍ ജഡ്ജ് കാമിനി ലോ പ്രോസിക്യൂട്ടറോട് ചോദിച്ചു.

ഡല്‍ഹി പോലീസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണ് എന്ന് കോടതി പറഞ്ഞു. പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?. ജമാ മസ്ജിദ് പാകിസ്ഥാനാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാക്കിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു,’ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ജഡ്ജി ആവര്‍ത്തിച്ചു.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പൗരന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ സാധിക്കൂ എന്ന് പ്രോസിക്യൂട്ടര്‍ പരാമര്‍ശിച്ചപ്പോള്‍ നിരന്തരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സെക്ഷന്‍ 144ന്റെ ദുരുപയോഗമാണെന്ന് സുപ്രീംകോടതി പലകുറി പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി ലോ ഓര്‍മ്മിപ്പിച്ചു. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയില്‍മോചിതനായ ശേഷം ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. മോചിതനായ ആസാദിന് നൂറുകണക്കിനാളുകള്‍ വന്‍ വരവേല്‍പാണ് നല്‍കിയത്.