കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നടന്നത് മുസ്‌ലിങ്ങള്‍ക്കെതിരായ ആസൂത്രിത വംശഹത്യയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അത് പിന്നീട് കലാപമാക്കി മാറ്റുകയായിരുന്നു എന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ മനസ്സിലാക്കുന്നത് അതൊരു ആസൂത്രിത വംശഹത്യയാണെന്നാണ്. എന്നാല്‍ അത് പിന്നീട് ഒരു വര്‍ഗീയ കലാപമായി മാറ്റപ്പെടുകയായിരുന്നു-മമത പറഞ്ഞു.
കലാപത്തിന് കാരണക്കാര്‍ ബി.ജെ.പിയാണെന്ന് മമത ആരോപിച്ചു. കലാപത്തിന് മാപ്പ് പറയുന്നതിന് പകരം അതിന്റെ മറവില്‍ പുതിയ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. അമിത് ഷായുടെ റാലിക്കിടെ ഗോലി മാരോ മുദ്രാവാക്യം വിളിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി മാതൃകയില്‍ കൊല്‍ക്കത്തയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് നടക്കില്ലെന്നും ശിക്ഷിക്കപ്പെടുമെന്നും മമത മുന്നറിയിപ്പ് നല്‍കി.