ഡല്‍ഹിയില്‍ വീണ്ടും അക്രമം: വൃദ്ധനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: അഞ്ച് ദിവസം മുമ്പ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആരംഭിച്ച കലാപം ഏറെക്കുറെ ശാന്തമായ ഘട്ടത്തില്‍ ഇന്നലെ വീണ്ടും കൊലപാതകം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ശിവ് വിഹാറില്‍ 60- കാരനെ കലാപകാരികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതോടെ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.

പ്രദേശത്തെ അക്രമത്തെത്തുടര്‍ന്ന് ഇതുവരെ 123 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും 630 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. 47 സമാധാന സമിതി യോഗങ്ങള്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നടന്നതായും പൊലീസ് അറിയിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് അഡീഷണല്‍ സിപി എം എസ് രന്ധാവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശിവ് വിഹാറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദിലെ ലോനിയില്‍ താമസിക്കുന്ന അയ്യൂബ് അന്‍സാരി എന്ന വയോധികനാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ പിതാവിനെ ഒരു കൂട്ടം ‘അജ്ഞാതര്‍’ വീട്ടിലേക്ക് കൊണ്ടുവന്നതായി അയ്യൂബിന്റെ 18 വയസുള്ള മകന്‍ സല്‍മാന്‍ അന്‍സാരി പറഞ്ഞു. രാവിലെ 6 മണിയോടെ അടുത്തുള്ള ഒരു ചെറിയ ക്ലിനിക്കിലേക്ക് കൊണ്ടു പോയി. പ്രഥമശുശ്രൂഷയ്ക്ക് ശേഷം ജിടിബി ആശുപത്രിയില്‍ കൂടുതല്‍ ചികിത്സയ്ക്കായി പോയെങ്കിലും പിതാവ് വഴിയില്‍വച്ച് തന്നെ മരിയ്ക്കുകയായിരുന്നുവെന്ന് സല്‍മാന്‍ പറഞ്ഞു.

അക്രമം കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പിതാവ് വീട്ടിലായിരുന്നു. വെള്ളിയാഴ് പുലര്‍ച്ചെ 4 നും അഞ്ചിനും ഇടയില്‍ അദ്ദേഹം ജോലിക്കായി പോയി. അജ്ഞാതരായ ചില ആളുകള്‍ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തലയ്ക്കും ശരീരത്തിനും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു, ചില ആളുകള്‍ അദ്ദേഹത്തെ ശിവ് വിഹാറില്‍ തടഞ്ഞുവെന്നും പേര് ചോദിച്ചുവെന്നും എന്നോട് പറഞ്ഞു. അദ്ദേഹം പേര് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ മര്‍ദ്ദിക്കുകയായിരുന്നു.

അക്രമത്തിനിടെ കൊല്ലപ്പെട്ട 36പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയ്യൂബിനെ കൂടാതെ മുബാറക് ഹുസെന്‍ (28), ദില്‍ബര്‍ നേഗി (20), മോനിസ് (21), ബാബ്ബു സല്‍മാനി (33), ഫൈസാന്‍ (24) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച തിരിച്ചറിഞ്ഞത്.

SHARE