ന്യൂഡല്‍ഹി: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഡല്‍ഹി കലാപം ഏകപക്ഷീയമായിരുന്നെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര് ഡല്‍ഹിയില്‍ നിന്ന് ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും മടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാനും കമ്മീഷന് അംഗം കര്‍ത്തര്‍ സിംഗ് കൊച്ചാറും കലാപബാധിതമേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സി.എ.എ അനുകൂലികളും സമരക്കാരും തമ്മിലാണ് ആദ്യം സംഘര്‍ഷം തുടങ്ങിയത്. 44 പേര്‍ക്ക് ജീവഹാനി ഉണ്ടായെന്നും 200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 100 ലധികം പേര് ഇപ്പോഴും ദുരിതാശ്വാസക്യാംപില്‍ കഴിയുകയാണ്.നേരത്തെ ആസൂത്രണം ചെയ്തതും ഏകപക്ഷീയമായതുമായ ആക്രമണമാണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് മുസ്ലിം മതവിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ക്കും കടകള്‍ക്കുമാണ്.അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും കലാപത്തിലും ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും കമ്മീഷന് ചെയര്മാന് നേരത്തെ പറഞ്ഞിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം എന്ന നിലയിലാണ് ഡല്‍ഹി വംശഹത്യ പുറത്തറിഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ തള്ളുന്നതാണ് റിപ്പോര്‍ട്ട്.
വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറോളം ഇവരെ ഇത്തരത്തില്‍ ഒളിച്ച് താമസിപ്പിച്ചാണ് കലാപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ മേഖലകളാണ് ഖാനും സംഘവും സന്ദര്‍ശിച്ചത്. ചന്ദ് ബാഗ്, ജാഫ്രാബാദ്, ബ്രിജ്പുരി, ഗോകല്‍പുരി, മുസ്തഫാബാദ്, ശിവ വിഹാര്‍, യമുന വിഹാര്‍, ഭജന്‍പുര, ഖജൂരി ഖാസ് തുടങ്ങിയ സ്ഥലങ്ങളാണ് കമ്മീഷന് സന്ദര്‍ശിച്ചത്. മുസ്ലീം വീടുകള്‍ക്ക് വലിയ തോതിലുള്ള നഷ്ടങ്ങള്‍ കണ്ടെത്തിയെന്നും ഖാന് പറയുന്നു.