ഡല്‍ഹി കലാപം; പൊലീസുകാരനടക്കം 7 മരണം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ്‌ പേര്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി വൈകിയും വ്യപക അക്രമം നടന്നത്.

ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡല്‍ഹിയില്‍ സന്ദര്‍ശനം തുടരുന്നതായാണ് വിവരം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്ഥിതി അവലോകനം ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. അക്രമം ഒഴിവാക്കാന്‍ കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനടക്കം ഏഴു പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ മരണത്തിനിടയാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ അഞ്ചു പേര്‍ ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഗുരു തേജ് ബഹാദൂര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ ജി.ടി.ബി. ആസ്പത്രിയിലെത്തിച്ചശേഷമാണ് ഫര്‍ഖന്‍ അന്‍സാരി മരിച്ചത്. അന്‍സാരിക്ക് വെടിയേറ്റതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഴ് പേര്‍ വെടിയേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.

സി.എ.എയെ എതിര്‍ത്തു കൊണ്ട് പ്രതിഷേധം നടത്തുന്നവര്‍ക്കു നേരെ സി.എ.എ അനുകൂലികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്. ബി.ജെ.പി നേതാവ് കപില്‍ മിശ്ര പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് അന്ത്യശാസനം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി മനപ്പൂര്‍വം ഉണ്ടാക്കിയ കലാപമാണ് ഇന്നലത്തേതെന്ന സംശയം ബലപ്പെടുകയാണ്. പ്രക്ഷോഭത്തിനിടെ സി.എ.എ അനുകൂല പ്രതിഷേധക്കാരിലൊരാള്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളിലാണു സംഘര്‍ഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണു സംഘര്‍ഷമുണ്ടാകുന്നത്. അക്രമത്തിനിടെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും ഒരു പെട്രോള്‍ പമ്പിനും, കടകള്‍ക്കു നിരവധി വീടുകള്‍ക്കും തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. പ്രദേശത്ത് എട്ട് സി.ആര്‍.പി.എഫ് കമ്പനിയെയും ഒരു കമ്പനി വനിത ആര്‍.പി.എഫിനേയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ ബിജെപി നേതാവ് കപില്‍ മിശ്ര ഞായറാഴ്ച മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശം സംഘര്‍ഷഭരിതമായിരുന്നു.

ട്രംപിന്റെ സന്ദര്‍ശന സമയം അടുത്തിരിക്കെയുണ്ടായ സംഘര്‍ഷം ഭരണകൂടത്തെ ജാഗരൂകരാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ യോഗം വിളിച്ചു ചേര്‍ത്തു. ജാഫ്രാബാദ്, മോജ്പുര്‍ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ വിഹാര്‍ മെട്രോസ്‌റ്റേഷനുകള്‍ അടച്ചു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കിയതായാണ് വിവരം. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.